വീട്ടിലെ കുടുംബിനി മരിച്ചാൽ നിങ്ങൾ ആലോചിട്ടുണ്ടോ

         അയാൾ മരിക്കുമ്പോൾ അയാൾ മാത്രം മരിക്കുകയാണ്‌ എന്നാൽ അവൾ മരിക്കുമ്പോഴോ?

അവൾ മരിക്കുമ്പോൾ വീടും മരിക്കുകയാണ്‌.
അതേ,ഒരു സ്ത്രീ മരിക്കുമ്പോൾ അവളോടൊപ്പം ഒരു വീടും മരിക്കുകയാണ്‌.

ആണുങ്ങളുടെ മരണം പോലെ സിമ്പിൾ അല്ല അത്‌
കുടുംബനാഥൻ ,നെടും തൂണ്‌ എന്നൊക്കെ ഒരു ഗമക്ക്‌ പറയാം എന്നേ ഉള്ളൂ. അവന്റെ മരണം വീടിനെ ആകെ ഒന്ന് ഉലക്കുകയേ ഉള്ളൂ.

ഒരു ചെറിയ സമയം കഴിയുമ്പോഴേക്കും പരിക്കുകളൊക്കെ ഭാഗികമായെങ്കിലും തീർത്ത്‌ വീട്‌ പതിയെ എണീറ്റ്‌ നടക്കാൻ തുടങ്ങും.
വാക്കർ പോലെ ഒന്ന് വേണ്ടിവന്നേക്കും ചിലപ്പോൾ. പക്ഷേ അത്‌ സ്വന്തം കാലിൽ എണീറ്റ്‌ നിൽക്കുക തന്നെ ചെയ്യും.

എന്നാൽ അവൾ ഇല്ലാതാവുമ്പോഴോ?

അവളോടൊപ്പം ആ വീടിന്‌ പ്രിയപ്പെട്ട എന്തൊക്കെയോ നഷ്ടമാകുകയാണ്‌.
പ്രിയപ്പെട്ടത്‌ എന്നല്ല, ആ വീടിനെ വീടാക്കുന്ന ചിലത്‌
അത്‌ അവളോടൊപ്പം ഇല്ലാതാകുകയാണ്‌,
ബാക്കിയാവുന്നത്‌ വീടിന്റെ ജഡമാണ്‌,
അൽപം സമയമെടുത്തേക്കാമെങ്കിലും നിശ്ചയമായും അടിഞ്ഞ്‌ അളിഞ്ഞ്‌ ഇല്ലാതാകുന്ന ഒരു വീടിന്റെ ശവശരീരം !

മരണമെന്ന് ഞാനിവിടെ ഉദ്ദേശിച്ചത്‌ മൂപ്പെത്തി കൊഴിഞ്ഞു പോകുന്ന പഴുത്ത ഇലകളെക്കുറിച്ചല്ല.
പ്രകാശം പരത്തി കത്തി നിൽക്കുമ്പോൾ കെട്ട്‌ പോകുന്ന വിളക്കുകളെ കുറിച്ചാണ്‌.
അകാലമരണങ്ങൾ എന്ന് നമ്മൾ പേരിടുന്ന, പൊടുന്നനേയുള്ള, അപ്രതീക്ഷിത മരണങ്ങളെ.

അത്തരം ചില മരണാനന്തരങ്ങളെക്കുറിച്ച്‌ ഒന്ന് ഓർത്തു നോക്കൂ..
നിങ്ങളുടെ പരിചയത്തിലുള്ളവ.

അവൻ മരിച്ച വീടുകളെ നോക്കൂ,

എന്തൊരു വലിയ കുലുക്കമായിരുന്നു,
ദൈവമേ,അവളും ആ കുഞ്ഞുങ്ങളും വഴിയാധാരമായല്ലോ എന്ന് സ്നേഹമുള്ളവരൊക്കെ നെഞ്ചിൽ കൈവെച്ചു.
അവളിതെങ്ങനെ സഹിക്കും,പറക്ക മുറ്റാത്ത ആ കുഞ്ഞുങ്ങളേയും കൊണ്ട്‌ അവൾ എന്ത്‌ ചെയ്യും എന്ന് നമ്മുടെ സ്വാസ്ഥ്യം കെട്ടു.

അവളോ താങ്ങാനാവാത്ത ആ അപ്രതീക്ഷിത ദുരന്തത്തിൽ ബോധം കെട്ട്‌ പിച്ചും പേയും പറഞ്ഞ്‌ നമ്മുടെ സങ്കടത്തെ പിന്നെയും വർദ്ധിപ്പിച്ചു.
പാവം കുട്ടി ,ശത്രുക്കൾക്ക്‌ പോലും ഈ ഗതി വരുത്തല്ലേ ദൈവമേ എന്ന് നാം അനുതാപത്തിന്റെ പങ്കകൾ അവൾക്ക്‌ നേരെ തിരിച്ചുവെച്ചു.

ശവമടക്കു കഴിഞ്ഞ്‌ ആൾക്കൂട്ടം മടങ്ങി
ബന്ധുക്കൾ കുറച്ചുപേർ കുറച്ചുദിവസം കൂടി തങ്ങുകയോ ചടങ്ങുകൾ കഴിയും വരെ നിത്യസന്ദർശ്ശനം ചെയ്യുകയോ ചെയ്തു.
അവളുടെ അമ്മയോ,വയസായ ഒരു വല്ല്യമ്മയോ കുറച്ചുനാൾ കൂടി അവളോടൊപ്പം നിന്നു.

ആർക്കും ദുഖമില്ലാഞ്ഞിട്ടോ സ്നേഹമില്ലാഞ്ഞിട്ടോ അല്ല,അവനവന്റെ ജീവിതം തള്ളുന്ന തിരക്കിലായിരുന്നു എല്ലാവരും.
അപരനോട്‌ കുറച്ച്‌ സമയത്തേക്കെങ്കിലും കരുണ കാണിക്കുന്നതു തന്നെ അത്ര ചെറിയ കാര്യമല്ല നടപ്പ്‌ കാലത്ത്‌!

അങ്ങിനെ ആളുകളൊഴിഞ്ഞ്‌ ഒറ്റക്കാകുമ്പോൾ അവൾക്ക്‌ എണീറ്റ്‌ വരാതെ വയ്യ.
അയാൾ ഇനി ഇല്ല എന്ന അതിഭീകര യാതാർത്ഥ്യത്തെ അവൾക്ക്‌ അഭിമുഖീകരിക്കാതിരിക്കുക വയ്യ.

എന്നെ എന്തിനിങ്ങനെ ഒറ്റക്കാക്കി എന്ന് അവൾ അരിശപ്പെടുന്നുണ്ട്‌ ഒരു ഭംഗിയുമില്ലാത്ത ഈ ലോകത്തോട്‌..
അതേ ഒരു ഭംഗിയുമില്ലാത്ത ഒരു ലോകം,ഇന്നലെ വരെ കണ്ട നിറങ്ങളൊന്നുമില്ല അതിന്‌!

ആരോ അമിതമായി ബ്ലീച്ച്‌ ചെയ്തപോലെ ഒരു വെയിൽ നിറം മാത്രമുള്ള ഒരു അപരിചിത ലോകം.

പക്ഷേ അവളുടെ കുഞ്ഞിന്‌ ഇന്നെങ്കിലും സ്കൂളിൽ പോകേണ്ടതുണ്ട്‌.
ഇന്നലെയും സ്കൂൾ വണ്ടി വന്ന് ഹോണടിച്ച്‌ മടങ്ങിയതാണ്‌.
അതിന്‌ ലഞ്ചിന്‌ എന്തെങ്കിലും കൊടുത്തയക്കേണ്ടതുണ്ട്‌
എവിടെയാണാവോ അതിന്റെ യൂണിഫോമുകൾ?
തിരയേണ്ടതുണ്ട്‌ അവൾക്ക്‌.
അതാകെ ചുളിഞ്ഞു, എവിടെ തേപ്പു പെട്ടി?

കുഞ്ഞിനെ കുളിപ്പിക്കേണ്ടതുണ്ട്‌,ആരൊക്കെയാണാവോ അതൊക്കെ ചെയ്തിരുന്നത്‌?
കൃത്യമായി വസ്ത്രങ്ങളൊക്കെ മാറ്റാത്തത്‌ കൊണ്ടാകും, അതിന്റെ തുടയിൽ ചൊറിപോലെ എന്തോ ഒന്ന്
ഒരു ഓയിന്റ്‌മന്റ്‌ ഉണ്ടായിരുന്നല്ലോ എവിടെയാണത്‌..?

അവൾ അറിയാതെ അവളൽപം ഉണരുകയാണ്‌....
പൂർണമായും വറ്റിപ്പോയ അവളിലേക്ക്‌ അവളുടെ ഒരു തുള്ളി വീണ്ടും വീഴുകയാണ്‌.

ഇളയതിന്‌ ഇന്നലെ രാത്രി മുഴുവൻ ചുമയായിരുന്നു.
നല്ല പനിയും ആ ഡോക്ടറെ ഒന്നു വിളിക്കണം.
അവൾ വീണ്ടും ഫോൺ കൈയ്യിലെടുക്കുകയാണ്‌.

ഭർത്താവിന്റെ രണ്ട്‌ സുഹൃത്തുക്കൾ കാണാൻ വരികയാണ്‌.
സോഫയിൽ അവർ തലകുനിച്ച്‌ ഇരിക്കുകയാണ്‌.
അമ്മ കൊണ്ടു കൊടുത്ത കാപ്പി അങ്ങനെ തന്നെ അവരുടെ കൈയ്യിലിരുന്ന് തണുക്കുകയാണ്‌.
ഇറങ്ങാൻ നേരമാണ്‌ അവർ കാര്യം പറഞ്ഞത്‌
അയാൾ ഒരു ചിട്ടി പിടിച്ചിരുന്നു,വാക്കിന്റെ പുറത്ത്‌ നടക്കുന്ന ചിട്ടിയാണ്‌ രേഖകളൊന്നും പതിവില്ല.
പറയാൻ പറ്റിയ സമയമല്ല എന്നറിയാം, എന്നാലും പറയാതെ വയ്യല്ലോ.

അവൾ അയാളുടെ ലോകങ്ങൾ കണ്ട്‌ തുടങ്ങുകയാണ്‌.

എന്തൊരു കോലം കുട്ടീ നിനക്ക്‌ ആ മുടിയൊക്കെ ഒന്ന് ഒതുക്കിക്കൂടെ?
സ്നേഹമുള്ളവരാരോ നിർബന്ധിക്കുകയാണ്‌.

സാഹചര്യങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നത്‌ കൊണ്ട്‌ അവൾ എണീറ്റ്‌ നിൽക്കുകയാണ്‌
മരിച്ചു എന്ന് തോന്നിപ്പിച്ചിരുന്ന ആ വീട്ടിൽ ജീവിതം വീണ്ടും പൊടിച്ചു തുടങ്ങുകയാണ്‌ .

അവളെക്കൊണ്ട്‌ കഴിയാത്തത്‌ എന്ന് അവൾ കരുതിയിരുന്ന അയാളുടെ ലോകത്തേക്ക്‌ തപ്പിയും തടഞ്ഞും അവൾ പ്രവേശിക്കുകയാണ്‌.

അത്ര ദുഷ്കരമൊന്നുമല്ല അത്‌ , അവൾക്ക്‌ താങ്ങാവുന്നതിലും അധികം ഭാരമൊന്നുമില്ല അതിന്‌.

അയാളെപ്പോലെയല്ല ചില പരിഗണനകളൊക്കെ ലോകം അവൾക്ക്‌ നൽകുന്നുണ്ട്‌.
പ്രതികൂലങ്ങൾ ശക്തമാകുമ്പോൾ ഏതൊക്കെയോ കൈകൾ അവൾക്ക്‌ സഹായമായി വരുന്നുണ്ട്‌.

പഴയ പോലെയല്ലെങ്കിലും ആ വീട്‌ പച്ചപിടിച്ച്‌ വരുന്നുണ്ട്‌.
ആഹ്ലാദത്തിന്റെയും ചിരിയുടേയുമൊക്കെ കുഞ്ഞുകിളികൾ അവിടെ കൂട് കൂട്ടിത്തുടങ്ങുന്നുണ്ട്‌.

കുഞ്ഞുങ്ങൾ വളരുന്നുണ്ട്‌,വീട്‌ പെയിന്റ്‌ ചെയ്യുന്നുണ്ട്‌,
ജാലകവിരികൾ മാറുന്നുണ്ട്‌,വീട്ടിലെ പഴയ ടെലിവിഷൻ മാറി പുതിയതൊരെണ്ണം വാങ്ങുന്നുണ്ട്‌.
ഇടക്കിടെ വലിയ ഒരു ശൂന്യതയിലേക്ക്‌ വീണു പോകുന്നുണ്ട്‌ എങ്കിലും അവൾ കുറച്ചു കൂടി ഉത്സാഹവതി ആകുന്നുണ്ട്‌.

അവൾ(പലർ) പശുവിനെ വാങ്ങുന്നുണ്ട്‌,പഴയ തയ്യൽ മെഷീൻ പുറത്തെടുക്കുന്നുണ്ട്‌,പട്ടണത്തിൽ പുതുതായി തുറന്ന സൂപ്പർ മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ട്‌,ബ്യൂട്ടിപാർലറും ബൊട്ടീക്കും തുറക്കുന്നുണ്ട്‌,കുട്ടികളെ നൃത്തം പഠിപ്പിക്കാനായി വീണ്ടും ചിലങ്ക കെട്ടുന്നുണ്ട്‌.
അയാൾ നടത്തിയിരുന്ന മെഡിക്കൽ ഷോപ്പിൽ,റേഷൻ കടയിൽ അയാൾക്ക്‌ പകരം പോകുന്നുണ്ട്‌.
വിവാഹ ശേഷം നിർത്തിയ ഡോക്ടറായ അവളുടെ ഹോമിയോ പ്രാക്ടീസ്‌,ജേണലിസം പഠിച്ച അവളുടെ പത്രത്തിലെഴുത്ത്‌,മെഡിക്കൽ ട്രാസ്ക്രിപ്ഷൻ,പതഞ്ജലി റീട്ടെയിൽ എല്ലാം അവൾ(ർ) വീണ്ടും തുടങ്ങുന്നുണ്ട്‌.

അവൾ പോലും അതിശയിക്കും മട്ടിൽ അവളിലെ ശക്തി വെളിപ്പെട്ട്‌ വരുന്നുണ്ട്‌.
അവളിലൊഴിച്ച്‌ വീട്ടിൽ എല്ലാവരിലും സന്തോഷം നുരഞ്ഞ്‌ പതയുന്നുണ്ട്‌.

ചില നേരങ്ങളിൽ അവളിലും ചില സന്തോഷങ്ങൾ പൊടിക്കുന്നുണ്ട്‌.
നിത്യവും കാണുന്ന ആ മധ്യവയസ്സുകാരന്റെ സ്വപ്നമുറങ്ങുന്ന കണ്ണുകൾ സ്വപ്നം കണ്ട്‌ അവൾ ഉണരുകയും അവളെതന്നെ താക്കീത്‌ ചെയ്യുകയും ചെയ്യുന്നുണ്ട്.
അറിയാതെ അമർത്തി കണ്ണെഴുതി പോകുമ്പോൾ, ബ്ലൗസിന്റെ കഴുത്തിന്‌ ഇറക്കം കൂടി പുറം വെളിപ്പെട്ട്‌ പോകുമ്പോൾ, അവൾ ലോകത്തെ ഭയന്ന് അതൊക്കെ സ്വയം തിരുത്തുന്നുണ്ട്‌.

അതേ അയാൾമരിക്കുമ്പോൾ നഷ്ടം അവൾക്ക്‌ മാത്രമാകുന്നുണ്ട്‌, അല്ലെങ്കിൽ അവളുടേതൊഴിച്ചുള്ള എല്ലാ നഷ്ടങ്ങളും അവൾ നികത്തുന്നുണ്ട്‌.

ആ വീട്‌ അവളുണ്ടാക്കിയെടുത്ത തണലിൽ അല്ലലില്ലാതെ വളരുന്നുണ്ട്‌.

അബലയെന്ന് മേലിൽ അവളെയാരും വിളിക്കരുത്‌ എന്ന് ആ വീട്‌ നമ്മളോട്‌ സാക്ഷ്യം പറയുന്നുണ്ട്‌.

എന്നാൽ അവൾ മരിക്കുമ്പോഴോ?

അവൾ മരിക്കുമ്പോൾ ആ വീട്‌ കടൽചുഴിയിൽ പെട്ട ഒരു പായ്‌വഞ്ചിപോലെ തകർന്ന് തരിപ്പണമാകുന്നുണ്ട്‌.
കെട്ടുപോയ ഒരമിട്ടിനെ‌ ആകാശത്തിന്റെ ഇരുട്ടിൽ എന്നതു പോലെ അതിനെ പൊടുന്നനെ കാണാതാകുന്നുണ്ട്‌.

അവൾ ആ വീടിന്‌ എന്തായിരുന്നു എന്ന് അവളുടെ ഇല്ലായ്മകൊണ്ടാണ്‌ അവൾ അവരെ ബോധ്യപ്പെടുത്തുന്നത്‌.
താൻ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന് അയാൾക്ക്‌ ബോധ്യപ്പെടുന്നത്‌ അവൾ ഇല്ലാതാകുമ്പോ ഴാണ്‌.

അവൾ ചെയ്തിരുന്ന ജോലികളിൽ ഒന്നു പോലും തനിക്കാവില്ലല്ലോ എന്ന് തിരിച്ചറിഞ്ഞ്‌ അയാൾ തരിച്ചിരിക്കുന്നത്‌ അവൾ മരിച്ച വീട്ടിലാണ്‌.

അയാൾ അങ്ങനെ ഭാവിക്കുകയൊന്നുമില്ല ,പക്ഷേ ഗേറ്റിലെ ലൈറ്റ്‌ അണക്കാനുള്ള സ്വിച്ച്‌ പോലും അയാൾ കണ്ടെത്തുന്നത്‌ ചുരുങ്ങിയത്‌ നാലാമത്തെ ശ്രമത്തിലാണ്‌.

അയാൾക്ക്‌ ഒരു ചുക്കുമറിഞ്ഞുകൂടാ,
ഇളയവൾക്ക്‌ ഇഡ്ഡലി ഇഷ്ടമാണോ അല്ലയോ എന്ന് അയാൾക്കറിഞ്ഞുകൂടാ,

കുഞ്ഞുങ്ങളുടെ ടീച്ചർമ്മാരെ ,അതിൽ മകന്‌ ഇഷ്ടമില്ലാത്തതിനെ,
കുഞ്ഞുവാവയുടെ ബെസ്റ്റ്‌ ഫ്രണ്ട്‌ അബി കെ നായരെ ഒന്നും അയാൾക്കറിഞ്ഞുകൂട.

എപ്പോഴും മടിയിൽ പിടിച്ചിരുത്തുന്ന അമ്മാവന്റെ മടിയിൽ നിന്നും മോളെ ദേഷ്യപ്പെട്ട്‌ വിളിച്ചിറക്കാനൊന്നും അയാൾക്ക്‌ അറിഞ്ഞുകൂടാ.

അയാളുടെ ആധാർ കാർഡ്‌ എവിടെയെന്ന്,അലമാരയുടെ താഴത്തെ തട്ട്‌ കുറച്ച്‌ ഉയർത്തി വലിച്ചാലേ തുറക്കൂ ,എന്നൊന്നും അയാൾക്ക്‌ അറിഞ്ഞുകൂടാ.

ഒരാൾക്ക്‌ കഞ്ഞിവെക്കാൻ എത്ര അരിവേണമെന്നത്‌ തന്നെ അയാൾക്ക്‌ അറിഞ്ഞുകൂടാ, പിന്നെയല്ലേ കടല കറിവെക്കണമെങ്കിൽ തലേദിവസം വെള്ളത്തിലിടണം എന്നത്‌.

അടുക്കള അയാളെ ആകെ കുഴപ്പിക്കും,
നിസ്സാരമെന്ന് അയാൾ പലവട്ടം പുശ്ചിച്ചുതള്ളിയ ചെറിയ ജോലികൾ അയാളെ വല്ലാതെ വലക്കും.

ടി വി കാണുമ്പോൾ ഓണാക്കുന്നതിന്‌ അയാൾ അവളെ പലവട്ടം വഴക്കു പറഞ്ഞിട്ടുള്ള ആ മിക്സി പോലും അതിഗഹനമായ ഒരു അത്ഭുത യന്ത്രത്തേപ്പോലെ അയാളോട്‌ ഗമ കാണിക്കും.

ഉപ്പില്ലാത്തതും കൂടിയതുമായ ഭക്ഷണങ്ങൾ അയാൾക്ക്‌ ശീലമാകും.

അവളില്ലാത്ത വീട്‌ മരിച്ചു പോകുക തന്നെ ചെയ്യും.

ബാറ്ററി തീർന്ന് നിന്ന് പോയ ക്ലോക്കും ,താളുകൾ മറിക്കാതെ മാസം തെറ്റിയ കലണ്ടറും,
മോന്തായത്തിൽ കൂടുകൂട്ടിയ ചിലന്തിയും വീടിന്റെ മരണം സ്ഥിരീകരിക്കും.

അത്യാവശ്യ സമയങ്ങളിൽ അയാൾക്ക്‌ തന്നെ കൊടുക്കുവാൻ വേണ്ടി അവൾ അയാളിൽ നിന്ന് മോഷ്ടിച്ചു വെച്ച നോട്ടുകൾ അവൾക്ക്‌ മാത്രമറിയാവുന്ന ഒരു രഹസ്യ ഇടത്തിൽ മരിച്ചു കിടക്കും.

അവൾ ഇടക്കിടെ പുറത്തെടുത്തു നോക്കാറുണ്ടായിരുന്ന കൗമാര കാലത്തെ ആ ഓട്ടോഗ്രാഫ്‌,ആദ്യപ്രണയം അടയാളപ്പെടുത്തിയ അതിലെ വരികൾ അവയൊക്കെ ഇനി ലോകം കാണാതെ ഒടുങ്ങും.

കഴിഞ്ഞ വർഷത്തെ നികുതിയടച്ച ചീട്ട്‌,കുട്ടികളുടെ ബർത്ത്‌ സർട്ടിഫിക്കറ്റ്‌,സ്വർണം പണയം വെച്ച രശീതി..
തിരഞ്ഞ്‌ തിരഞ്ഞ്‌ അയാൾ വശം കെടും.

ഇന്നലെ വരെ അയാളുടേതായിരുന്ന ആ വീട്‌ തനിക്ക്‌ മെരുങ്ങാത്ത ഒരു മാന്ത്രിക വനം പോലെ അയാളെ പരിഭ്രമിപ്പിക്കും.

അവളില്ലായ്മ സൃഷ്ടിക്കുന്ന ഏകാന്തത അയാളെ ഭയപ്പെടുത്തും.
അയാളുടെ അഹന്തകൾ ,അരിശങ്ങൾ, വാശികൾ,
കാണാനാളില്ലാതെ അനാഥമാകും.
പ്രേക്ഷകരില്ലാത്ത ഒരു നാടകം പോലെ അവ അപഹാസ്യമാകും.

അയാളുടെ അധികാരവും ആജ്ഞകളും പ്രജകളില്ലാത്ത ഒരു രാജാവിന്റേത്‌ പോലെ ദയനീയമാകും.
അയാളുടെ ശകാരങ്ങൾ കേൾക്കാൻ ആളില്ലാതെ അയാളിലേക്ക്‌ തന്നെ മടങ്ങി വരും,അയാൾക്ക്‌ ഭ്രാന്ത്‌ പിടിക്കും.

അവിവാഹിതന്റേത്‌ പോലെയല്ല വിവാഹിതന്റെ പുരുഷജീവിതം.

നിരുപയോഗം കൊണ്ട്‌ അവന്റെ ചില കഴിവുകൾ അവനിൽ നിന്ന് വേർപ്പെടും.
പലകാര്യങ്ങളിൽ അവൻ അവളിൽ ആശ്രയപ്പെടും, ദിക്കറിയാത്ത പലനേരങ്ങളിലും അവൾ അയാൾക്ക്‌ ദിശ കാട്ടും .

അവളില്ലാത്ത ജീവിതത്തിൽ അയാൾ പലതരത്തിൽ വികലാംഗനാകും.
ഭാഷയറിയാത്ത നാട്ടിൽ ചെന്നവനേപ്പോലെ അയാൾ നട്ടം തിരിയും.
ആ വെളിച്ചം പൊടുന്നനേ കെടുമ്പോൾ ഒരു തീപ്പെട്ടി പോലും കയ്യിൽ കരുതാത്തവനേപ്പോലെ ആ ഇരുട്ടിൽ അയാൾ നിസ്സഹായനാവും.

അയാൾക്ക്‌ ആ വീടിനെ രക്ഷിക്കാനാവില്ല.
കുട്ടികൾ വളരുന്നുണ്ടാവാം,അയാളും അവരും ജീവിക്കുന്നുണ്ടാവാം. എന്നാൽ അവളില്ലാത്ത വീടിന്‌ ജീവനുണ്ടാവില്ല..

അത്‌ ഒരു വീടിന്റെ റോൾ വികലമായി അഭിനയിക്കുന്നുണ്ടാകും.
പക്ഷേ സൂക്ഷിച്ച്‌ നോക്കിയാൽ വ്യക്തമായി അറിയാം, അത്‌ ആ വീടല്ല . ആ വീട്‌ അങ്ങനെയായിരുന്നില്ല..

അതെ അവളോടൊപ്പം ആ വീടും മരിച്ചു പോയിരിക്കുന്നു.

എല്ലാ വീടുകളും ഇങ്ങനെയാണ്‌ എന്നല്ല.
എല്ലാ അവനും അവളും ഇങ്ങനെയാണ്‌ എന്നുമല്ല.
എന്നാൽ ചിലവീടുകളെങ്കിലും തീർച്ചയായും ഇങ്ങനെയുമുണ്ട്‌ എന്നു മാത്രമാണ്‌ ഞാൻ പറഞ്ഞു വെക്കുന്നത്‌.

കാൽപനികതയുടെ അതി മധുരം ചൊടിപ്പിക്കുന്നുവെങ്കിൽ ക്ഷമിക്കുക.
ചില സമയങ്ങളിൽ ഞാൻ കാൽപനികതയുടെ ആരാധകനും അടിമയുമാകുന്നു.

അവൾ മരിക്കുമ്പോൾ എന്ന് ഞാൻ പറഞ്ഞുവെന്നേ ഉള്ളൂ.
അതു വരെ കാത്തിരിക്കണമെന്നില്ല .മരണാനന്തരമുള്ള ഒരു സ്നേഹവും മരിച്ചവനെ സ്പർശിക്കുന്നതില്ല എന്നതിനാൽ പ്രത്യേകിച്ചും..

ദയവായി എല്ലാവരും അവരവരുടെ വീടുകളിലേക്ക്‌ നോക്കുക.
അവളുടെ വിരലുകൾ അതി സൗമ്യമായി സ്നേഹത്തോടെ അതിനെ പരിചരിച്ചു കൊണ്ടിരിക്കുന്നത്‌ കാണുക..

നിങ്ങൾക്ക്‌ സ്വന്തം ഭാര്യയെ സ്നേഹിക്കണമെങ്കിൽ അവളെ ആളറിയാതെ പുറകിൽ നിന്ന് കാണണമെന്ന് നിർബന്ധമൊന്നുമില്ല എന്നും മനസിലാക്കുക.
പ്രണയോപനിഷത്തുകൾ അങ്ങനെയൊക്കെ പറഞ്ഞേക്കാമെങ്കിലും!


Comments