ഇവർ ശരിക്കും ഭൂമിയിലെ മാലാഖമാർ തന്നെ

                

അവൾ ഒരു മാലാഖ
----------------------------
നഴ്സിന്റെ ആലോചന വന്നപ്പോൾ തന്നെ വേണ്ട എന്ന് വച്ചതാണ്

എപ്പോളും മരുന്നിന്റെ മണവും വൃത്തിയില്ലാത്ത ജോലിയും ഓർക്കുമ്പോൾ തന്നെ ശർദിക്കാൻ തോന്നും

പക്ഷെ പെണ്ണ് അടുത്ത് തന്നെ അമേരിക്കയിൽ പോകും എന്ന് അറിഞ്ഞത് കൊണ്ടാണ് കാണാൻ പോകാം എന്ന് വിചാരിച്ചത് .

പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു ....
മനസ്സിൽ അമേരിക്കൻ മോഹങ്ങൾ പൂത്തു തളിർക്കാൻ തുടങ്ങിയിരുന്നു

അവളുടെ കൂടെ അവിടെ പോകുന്നതും സ്വപ്നം കണ്ടിരിക്കുമ്പോൾ ആണ് പെണ്ണിന്റെ അപ്പൻ പറഞ്ഞത്

അമേരിക്കയിൽ പോകാൻ വിസ റെഡി ആയിടുണ്ട് പക്ഷെ കുറെ പണം വേണ്ടി വരും അതുകൊണ്ട് പോക്ക് നടക്കുമെന്ന് തോന്നുന്നില്ല

പെണ്ണ് കണ്ടു ഇറങ്ങുമ്പോൾ തന്നെ മൂന്നാനോട് ആദ്യം പറഞ്ഞത് ഈ കാര്യം നടക്കില്ല എന്നാണ്

പിന്നെയും പെണ്ണ് കാണലുകൾ തുടർന്നു പക്ഷേ പ്രതീക്ഷിച്ച സ്ത്രീധനമോ നല്ല ജോലിയോ ഉള്ള പെൺകുട്ടിയെ കിട്ടാത്തത് കൊണ്ട് ഒന്നും നടന്നില്ല

ഒരുദിവസം ടൌണിൽ പോയി വരുമ്പോൾ മറ്റൊരു വണ്ടിയുമായി കൂട്ടി ഇടിച്ചു സാരമായ പരുക്ക് പറ്റിയ ഞാൻ ICU യിൽ ആയി മൂന്നു ദിവസം ബോധമില്ലാതെ കിടന്നു
ബോധം വന്നു ഇത്തിരി വെള്ളത്തിനായി ചുറ്റും നോക്കിയപ്പോൾ ആരെയും കാണുന്നില്ല

വെള്ളം വെള്ളം എന്ന് പറഞ്ഞു ഞാൻ പതിയെ ഞരങ്ങി
തല ഉയർത്തി നോക്കിയപ്പോൾ ഒരു നേഴ്സ് മേശയിൽ തല വച്ച് ഉറങ്ങുന്നു

വെള്ളം അല്പം ഉറക്കെ ഞാൻ വിളിച്ചു ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി ഏഴുനേറ്റ നേഴ്സ്നെ കണ്ടു ഞാൻ ഞെട്ടി

അമേരിക്കയിൽ പോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞ കുട്ടി

ഒരു ഗ്ലാസിൽ വെള്ളം എടുത്തപ്പോൾ ഞാൻ കൈകൾ നീട്ടി
വേണ്ട കിടന്നോളു ഞാൻ വായിൽ ഒഴിച്ച് തരാം ശരീരം അധികം അനങ്ങാൻ പാടില്ല എന്നാണ് ഡോകട്ർ പറഞ്ഞിരിക്കുന്നത് എന്നും പറഞ്ഞു അവൾ പതിയെ പതിയെ എന്റെ വായിലേക്ക് വെള്ളം ഒഴിച്ചു തന്നു

ചേട്ടന് ബോധം വന്നല്ലോ സമാധാനമായി ...
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഞാൻ ചേട്ടന് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ഇവിടെ അത്യാസന്ന നിലയിൽ വരുന്നവർ ഞങളുടെ ആരും അല്ല എന്നാലും അവരുടെ കിടപ്പും വീട്ടുകാരുടെ വിഷമവും കാണുമ്പോൾ ഞങൾ പ്രാർത്ഥിക്കും ഒന്നും വരുത്തരുതേ എന്ന്

മരണത്തിന്റെ പുതപ്പിൽ മൂടി പലരെയും ഇവിടെ നിന്നും കൊണ്ട് പോകുമ്പോൾ നെഞ്ച് പിടയാറുണ്ട് അതൊന്നും ആരോടും പറഞ്ഞാൽ മനസിലാകില്ല
എല്ലാവരും പറയും അതൊക്കെ ജോലിയുടെ ഭാഗം അല്ലേ എന്ന് ...

വരുന്നവർ വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് അവരെ പരിചരിക്കുന്ന ഓരോ നിമിഷവും ഞങൾ ആഗ്രഹിക്കുന്നത് ...

രാത്രി ഉറക്കം പോലും ഇല്ലാതെ ജോലി ചെയ്താലും ചിലപ്പോൾ രോഗിയുടെയും ബന്ധുക്കളുടെയും അടുത്ത് നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ മോശമായ രീതിയിൽ ആയിരിക്കും ...

സ്വന്തം അച്ഛന്റെയോ അമ്മയുടേയോ പഴുത്തു ഒലിക്കുന്ന മുറിവ് കണ്ടാൽ അറപ്പു തോന്നുന്ന മക്കൾ വരെ ഉള്ള കാലമാണ് ഇത്
പക്ഷേ ഞങൾ അറപ്പോ വെറുപ്പോ കാണിക്കാറില്ല ...

അപ്പോൾ പറയും നല്ല ശമ്പളം കിട്ടിയിട്ടല്ലേ ഇതൊക്കെ ചെയ്യുന്നത് വെറുതെ അല്ലല്ലോ എന്ന് ..

ചില സ്ഥലത്തു നല്ല ശമ്പളം ഉണ്ട് പക്ഷേ കൂടുതൽ സ്ഥങ്ങളിലും വളരെ കുറവാണു

അയ്യോ സോറി ചേട്ടാ ഞാൻ വെറുതെ എന്റെ കഥ പറഞ്ഞു ബോറടിപ്പിച്ചു

അത് സാരമില്ല ഞാൻ കേട്ടിരിക്കുകയാ പറഞ്ഞോളൂ

വേണ്ട ഞാൻ ഇഞ്ചക്ഷനുള്ള മരുന്ന് എടുത്തു വരം എന്നും പറഞ്ഞു പുറത്തേക്കു പോയി

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു
ഇനി ഒരു പക്ഷേ എന്ന് മനസിലായി കാണില്ലേ
എനിക്ക് എന്തോ പോലെ തോന്നി .....

ഞാൻ ബോധം ഇല്ലാതെ കിടന്നപ്പോൾ എനിക്ക് വേണ്ടി കഷ്ടപെട്ട ഈ നല്ല മനസ്സുള്ള കുട്ടിയെ ആണല്ലോ കേവലം പണത്തിന്റെ പേരിൽ വേണ്ടെന്ന് വച്ചതെന്ന കുറ്റബോധം എന്റെ മനസിനെ പടിച്ചു കുലുക്കി ..

ദിവസങ്ങൾ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്ന ദിവസം ഞാൻ അവളോട് ചോദിച്ചു
എന്നെ മനസിലായോ ...

എനിക്കറിയാം എന്നെ പെണ്ണുകാണാൻ വന്നിട്ടു അമേരിക്കൻ ജോലി കിട്ടില്ല എന്നറിഞ്ഞപ്പോൾ വേണ്ട എന്ന് വച്ച ആളല്ലേ

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ

ഇല്ലല്ലോ ...എത്രയോ പേരുടെ മുൻപിൽ അറവു മാടിനെ പോലെ പെണ്ണുകാണൽ എന്ന പ്രഹസനത്തിനു വേണ്ടി നിന്ന് കൊടുക്കുന്നു ..അതിൽ ഒരാൾ മാത്രമാണ് ചേട്ടനും

ഞങ്ങൾക്ക് അധികം പണമോ നല്ല ശമ്പളം ഉള്ള ജോലിയോ ഇല്ല മാത്രമല്ല എനിക്ക് താഴെ വേറെ രണ്ടു അനിയത്തിമാർ കൂടി ഉണ്ട് അറിഞ്ഞു കൊണ്ട് ബാധ്യതകൾ ഏറ്റെടുക്കാൻ പലരും തയ്യാറാകില്ലല്ലോ അത് കൊണ്ട് കല്യാണം എന്ന സ്വപ്നം നീണ്ടു നീണ്ടു പോകുന്നു

ഞാൻ പതിയെ അവളോട് ചോദിച്ചു എന്റെ ജീവിതത്തിലേക്ക് വരുന്നോ

ഞാൻ അമേരിക്കയിൽ പോകുന്നില്ല സ്ത്രീധനം തരാൻ അച്ഛന്റെ കയ്യിൽ ഒന്നും ഇല്ല എന്ന അവളുടെ മറുപടിക്കു
നിന്നെ പോലെ നല്ല മനസ്സുള്ള സ്ത്രീ തന്നെയാണ് ധനം എന്ന് പറഞ്ഞു ഞാൻ അവളുടെ കൈകൾ ചേർത്ത് പിടിച്ചു

പക്ഷേ പണം ആണ് എല്ലാം എന്ന് കരുതുന്ന ഒരാളുടെ ഭാര്യ ആയിരിക്കാൻ എനിക്ക് ഇഷ്ടമല്ല ,
ഇന്നിപ്പോൾ നിങൾ എന്നെ വേണം എന്ന് പറഞ്ഞു പക്ഷേ നാളെ പണത്തിന്റെ പേരിൽ എന്നെ തള്ളി പറയില്ല എന്ന് എന്താണ് ഉറപ്പു
അതുകൊണ്ട് ഈ വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു വാതിൽ തുറന്നു അവൾ പുറത്തേക്കു പോയി

പണം ആണ് എല്ലാത്തിലും വലുതെന്നു കരുതിയ എനിക്ക് അന്ന് മനസ്സിലായി ചിലത് എത്ര പണം കൊടുത്താലും കിട്ടാത്തതാണെന്ന് ,

ജീവിതത്തിൽ പണത്തിനു കടലാസ്സു കഷ്ണത്തിന്റെ വിലപോലും ഉണ്ടാകാത്ത അവസരങ്ങൾ ഉണ്ടെന്ന തിരിച്ചറിവിൽ ഞാൻ തളർന്നിരുന്നു...

എഴുതിയത്-----ജിമ്മിചേന്ദമംഗലം


Comments